നിങ്ങള്‍ ചിന്തിക്കുന്നണ്ടാവും ഇവന്‍ ഏവന്റെ കാര്യമാ പറയുന്നതെന്ന് . ഹാ.. നമ്മുടെ സ്വന്തം ചൈനയിലെ പയ്യന്‍സ് .. ഹാന്‍ ഹാന്‍ .... ഇന്ന് ലോകത്തില്‍ ഏറ്റവും കുടുതല്‍ വായനക്കാരുള്ള... ഹിറ്റുകളുള്ള ബ്ലോഗ്ഗര്‍ . പക്ഷെ പുള്ളിക്കാരന്‍ ചൈനയിലെ തേനും പാലുമോന്നുമല്ല പറയുന്നത് . തൊട്ടാല്‍ പൊള്ളുന്ന സത്യങ്ങള്‍ , അതുകൊണ്ട് തന്നെ ഭരണകൂടത്തിന്റെ കണ്ണിലെ കരടാണ് താരം. അപ്രിയ സത്യങ്ങള്‍ എന്നും ഭരണകൂടത്തിന്റെ കരടാണല്ലോ?? - ഹോ .. നമ്മുടെ കേരളത്തിലായിരുന്നെങ്ങില്‍ എന്നേ ഹാന്‍ ഹാന്‍ ജീവനും കൊണ്ട് ഓടിയേനെ ... നമ്മുടെ പാര്‍ട്ടിയും പിന്നെ യുവജന സംഘടനയും കൂടി നടുറോഡില്‍ പെരുമാറിയേനെ ... നമ്മുടെ സക്കറിയ ഇപ്പോള്‍ വായ് തുറക്കാത്തത് പോലെ. അവനും അവന്റെ ഒരു ബ്ലോഗും പോലും .... ഹോ അവന്റെ ബ്ലോഗു കൊണ്ട് ചൈന സര്‍ക്കാര്‍ പൊറുതിമുട്ടിയിരുക്കയാണത്രേ ...ഓ പിന്നെ .... ഇവെടെങ്ങാനുമായിരുന്നെങ്ങില്‍ ബ്ലോഗില്‍ എഴുതാന്‍ പിന്നെ അവന്റെ കയ്യ് പൊങ്ങത്തില്ലയിരുന്നു.... ഭാഗ്യം അവന്‍ ചൈനയിലായത് ... ചിലെരെങ്ങിലും ഈ വഴിക്ക് ചിന്തിക്കുന്നുണ്ടാവും . അല്ലെങ്കിലും ചൈന ചൈന എന്ന് കേള്‍ക്കുബോള്‍ ചിലെര്‍ക്കെങ്കിലും കുളിര്‍ കോരും ... ചിലര്‍ക്ക് കലിയും ... അതെന്തായാലും ... ഇതും കൂടി കേള്‍ക്കുക .. അഭിപ്രായ ആവിഷ്കാര സ്വാതന്ത്യം അത്രക്കങ്ങു അനുവദിച്ചു കൊടുത്തിട്ടുള്ള രാജ്യമല്ല ചൈന ... പത്ര സ്വാതന്ത്ര്യത്തിന്‍മേല്‍ അത്ര മേല്‍ കൂച്ചു വിലങ്ങു ഉണ്ട് താനും . ഹാനിന്റെ ഭാഷയില്‍ പറഞ്ഞാല്‍ "ചൈനീസ് ഭരണഘടന ജനങ്ങള്‍ക്ക് പത്രസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. പക്ഷേ ജനം ആ സ്വാതന്ത്ര്യം ഉപയോഗിക്കുന്നത് തടയാനുള്ള സ്വാതന്ത്ര്യം നേതാക്കന്മാര്‍ക്കും നല്‍കുന്നുണ്ട്." അതെ അതാണ് സത്യം. എന്ത് പറയണം എന്ത് പറയണ്ട എന്ന് അവിടെ ഭരണകൂടം തീരുമാനിക്കും...ജനങ്ങള്‍ എന്ത് വായിക്കണം എന്ത് അറിയണം എന്നിവയെല്ലാം നേതാക്കള്‍ തീരുമാനിക്കും . മാധ്യമങ്ങളുടെ റഫറന്‍സിനായി നിരോധിക്കപ്പെട്ട വാക്കുകളുടെ പട്ടികയുള്ള പദാവലി തന്നെ ഗവണ്മന്റ് ഇറക്കുന്നുണ്ട്. ( ഈ ചൈന മോഡലിനായി കേരള നേതാക്കള്‍ കിണഞ്ഞു ശ്രമിച്ചു വരികയാണ് ... ഇണങ്ങിയാല്‍ എന്തും തരും... പിണങ്ങിയാല്‍ .. പോട്ടെ .. ഒന്ന് മുഖത്ത് നോക്കി കാര്യങ്ങള്‍ പറഞ്ഞാല്‍ ... നിന്റെ കാര്യം പോക്കാനടോ ... ഇവിടെയും ഒരു പദാവലിയാവാം.. പിന്നെ ഒരു ബ്ലോഗ് ലിസ്റ്റും ആവാം ... എന്തും ഏതും ഇവിടത്തെ ജനങ്ങള്‍ വായിക്കുമെന്നോ?? ..പാടില്ല..പാടില്ല.. ജനങ്ങള്‍ നല്ലതും ചീത്തയും തിരിച്ചറി യും ... അത് പാടില്ല .. പിന്നെ നിന്ന് പിഴയ്ക്കാന്‍ പറ്റില്ല സഖാവേ ... ഈ തിരഞ്ഞെടുപ്പ് ഒന്ന് കഴിഞ്ഞോട്ടെ സഖാവെ നമുക്ക് എല്ലാം ...പപദാവലിയും .. മാഫിയും (എന്ത് മാഫിയ വീണമെന്നു പറഞ്ഞാല്‍ മതി ഞങ്ങള്‍ റെഡി എന്തിനും .. ആരുണ്ട് ചോദിയ്ക്കാന്‍.. ചോദിയ്ക്കാന്‍ വരുന്നവനും കൂടി കൊടുത്താല്‍ മതി ഒരു വിഹിതം ) ... എല്ലാം ... പരിഗണിക്കാം .. പദാവലിയില്‍ എന്റെ ഈ ബ്ലോഗ് ഉള്‍പെട്ത്തണേ .. എന്നാലെ വല്ല രക്ഷയും കിട്ടു .. ഹോ നാലാളറിഞ്ഞാല്‍ രക്ഷപെട്ടു ... ഞാനും പണക്കാരനാവും .. പിന്നെ എന്നേ ബ്ലോഗ് എഴുതാന്‍ കിട്ടില്ല .. വല്ല പാര്‍ട്ടിയിലും അംഗമായി മേലനങ്ങാതെ ജീവിക്കും ... ബുദ്ധിജീവി എന്നാ ലേബലും കൂടെയുണ്ട് ... പി ന്നെന്തു വേണം... വല്ല വിവാദവും വരുംമ്പോള്‍ ... ആര്‍ക്കും മനസിലാകാത്ത ഒരു പ്രസ്താവന ... അതും വിവാദമായാല്‍ പിന്നെ ഒരു മൂന്നു മാസത്തിലേക്ക് കുശാല്‍ .... ഞാനങ്ങനെ നിറഞ്ഞു നിക്കും ... അത് അവിടെ നിക്കട്ടെ ..നമ്മള്‍ പറഞ്ഞു വന്നത് ഹാന്‍..ഹാന്‍ പിന്നെ ചൈനയും .. ഇത്രയ്ക്ക് ഗിമിക്കുകളുള്ള ചൈനയില്‍ ഈ ചെറുപ്പക്കാരന്‍ മാത്രം ഈ ആപല്‍ക്കരമായ സര്‍ക്കസ് കളിച്ചുകൊണ്ട് അവിടെ ജീവിക്കുന്നു എന്നറിയണമെങ്കില്‍ ഹാന്‍ ഹാന്‍ ആരാണെന്ന് മനസ്സിലാക്കണം.
ചൈനയിലെ ഏറ്റവും ജനപ്രിയ ബ്ലോഗറായ 27-കാരന്‍ , ബെസ്റ്റ് സെല്ലര്‍ നോവലെഴുത്തുകാരന്‍ , കാര്‍ റാലി ഡ്രൈവര്‍, വിന്നെര്‍ , ഗായകന്‍ , മാഗസിന്‍ എഡിറ്റര്‍ . 2006-ല്‍ തുടങ്ങിയെ ഹാനിന്റെ ബ്ലോഗ് 42 കോടി പേര്‍ ഇതിനകം സന്ദര്‍ശിച്ചുകഴിഞ്ഞു. ഇത് വിക്കിപീഡിയ പറയുന്നതാണ് . ഇതിനകം തന്നെ "റിബല്‍ ബ്ലോഗ്ഗര്‍" എന്നാ പേര് സമ്പാദിച്ചു കഴിഞ്ഞു ഹാന്‍ ഹാന്‍; ചൈനയുടെ സ്വന്തം റിബല്‍ ബ്ലോഗ്ഗര്‍ . "ചൈനീസ് റിബല്‍ ബ്ലോഗ്ഗര്‍" എന്ന് ഗൂഗിള്‍ സെര്‍ച്ച്‌ല്‍ ഒന്ന് ടൈപ്പ് ചെയ്കയെ വേണ്ടു ഗൂഗിള്‍ ഹാന്‍ ഹാന്‍ കൊണ്ട് പേജ് നിറച്ചു തരും ... അതാണ് ഹാന്‍ ഹാന്‍ .... ടൈം മാസിക കഴിഞ്ഞ തവണ ഇറക്കിയ പേജ് കവറില്‍ ഹാനും ഇടം പിടിച്ചു.

മാത്രമോ ലോകത്തില്‍ ഇക്കൊല്ലത്തെ 100 സ്വാധീനിക്കുന്ന വ്യക്തികളുടെ, ബില്‍ ഗേറ്റ് , ഒബാമ എന്നിവരുടെ കൂട്ടത്തില്‍, ഹാന്‍ ഹാനും ഇടം പിടിച്ചു . ടൈം മാഗസിന്‍ ലേഖകന്‍ ഹാനിനെ ഇന്റര്‍വ്യൂ ചെയതപ്പോഴും ഹാന്‍ ഹാനിന്റെ മറുപടിയില്‍ ഒരു നിഷേധിയുടെ അടിക്കുറുപ്പുണ്ടായിരുന്നു . ചൈനീസ് സാഹിത്യത്തില്‍ സ്വന്തം സ്ഥാനമെന്താണെന്ന് ചോദിച്ചപ്പോള്‍ തന്നെ ഹാന്‍ മറുപടി ഇങ്ങനെയായിരുന്നു: നിങ്ങളുടെ വായനക്കാര്‍ക്ക് ചൈനീസ് സാഹിത്യത്തില്‍ വലിയ താല്‍പര്യമുണ്ടാകുമെന്ന് തോന്നുന്നില്ല...'പിന്നെ സ്വന്തം സ്ഥാനം നിര്‍ണയിക്കല്‍ വിവരം കെട്ട പരിപാടിയാണ്, അധികം വിനയം കാണിച്ചാല്‍ ആരും മൈന്റ് ചെയ്യില്ല, ഞാന്‍ ഭയങ്കരനാണ് എന്ന് വിചാരിച്ചാലും കാര്യമില്ല.'.. എങ്ങനുണ്ട് പുള്ളിക്കാരന്‍ ....
ഹാന്‍ ഹാന്‍ ഒരു സുപ്രഭാത്തില്‍ എന്നേ പോലെ ബ്ലോഗ്ഗര്‍ ആയതാണോ ?? ഹേയ് ഒരു ചാന്‍സും ഇല്ല ... അല്ലെങ്കിലും ബ്ലോഗിങ്ങ് എന്നൊക്കെ പറഞ്ഞാല്‍ എന്നെപോലുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ള കാര്യമല്ല ... അതിനു കാര്യ ശേഷി വേണം. വിവരം വേണം വിവരം .. ചൈനയില്‍ അതുണ്ടോ ?? നോക്കാം ... ഹാന്‍ ഹാന്‍ വന്നു നേരിട്ടു എന്നോട് പറഞ്ഞ കാര്യങ്ങളൊന്നുമല്ല ഇനി ഞാന്‍ പറയാന്‍ പോകുന്നത് ... അത് വിക്കിപീടിയയില്‍ നിന്നും അടിച്ചു മാറ്റിയതാണേ പിന്നെ ചൈനീസ് സൈറ്റില്‍ നിന്നും .. വല്ല വിവരദോഷവും തോന്നിയാല്‍ വിക്കിയോടെ പറഞ്ഞേക്കണം.. പിന്നെ ചൈനീസ് സൈറ്റിനെ പഴിച്ചേക്കണം ..എന്റെ മണ്ടക്ക് കയറരുത് . രംഗം 1980 - ഇവിടം മുതലാണ് ചൈനയിലെ പുതു തലമുറ എന്നറിയപെടുന്ന ഇപ്പോഴത്തെ തലമുറയുടെ പിറവി . ആ ജെനുസ്സില്‍ പെടുന്നതാണ് നമ്മുടെ ഹാന്‍ ഹാന്‍ . അപ്പോള്‍ അല്‍പ്പം വീര്യം കൂടുതല്‍ സ്വാഭാവികം . 1980-കളിലാണ് ചൈനയില്‍ ദമ്പതിമാര്‍ക്ക് ഒരു കുട്ടി മാത്രമേ പാടുള്ളുവെന്ന നിയമം പ്രാബല്യത്തില്‍ വന്നത്. ഈ തലമുറയില്‍പ്പെട്ടവര്‍ വളരുന്ന കാലത്താണ് 'ദാരിദ്ര്യം പങ്കിടലല്ല സോഷ്യലിസം' എന്ന വിശദീകരണത്തോടെ മാര്‍ക്കറ്റ് സോഷ്യലിസം എന്ന ലേബലില്‍ വിപണി സമ്പദ്‌വ്യവസ്ഥ ചൈനയില്‍ നിലവില്‍ വന്നതും. അന്നാട്ടിന്റെ ഉത്പാദനമേഖലയിലും സമ്പദ് വ്യവസ്ഥയിലുമൊക്കെ നിറഞ്ഞുനില്‍ക്കുന്ന നെറ്റിസന്‍മാരില്‍ മിക്കവരും ഈ തലമുറക്കാരാണ്. 23 സെപ്റ്റംബര്‍ 1982 ലാണ് ഹാനിന്റെ ജനനം . ചൈനീസ് മാധ്യമങ്ങള്‍ ഹാന്‍ ഹാനിന്റെ എഴുത്തിനെ വിശേഷിപ്പിക്കുന്നതും ഈ തലമുറയുടെ ശബ്ധമായിട്ടാണ് . ചെക്കന്‍ ഇനി വല്ല ബുദ്ധി ജീവിയുമാണോ ?? ഹേയ് അല്ല .... അല്ലായെന്ന് വെയ്ച്ചാല്‍ അല്ല ... അല്ലെങ്ങില്‍ സ്കൂളില്‍ ഏഴു വിഷയത്തിനു തോറ്റു തുന്നം പാടുമോ ?? ഹോ ഞാന്‍ പോലും ഏഴണ്ണത്തിനു തോറ്റിട്ടില്ല ... പിന്നയല്ലേ ഹാന്‍ ഹാന്‍ .. എന്നാലും ചെക്കന്‍ നിസ്സാരനല്ല . അങ്ങനെ തോറ്റു പിന്നെയും പഠിക്കുന്ന കാലത്താണ് ചൈനയില്‍ ദേശിയ തലത്തില്‍ "എസ്സേ" മത്സരം സംഘടിപ്പിക്കുന്നത് . അതോടെ ഹാനിന്റെ തല വര തെളിഞ്ഞു . ഫസ്റ്റ് അടിച്ചു മാറ്റിയ ഹാന്‍ ഒരു പ്രസ്താവനയും നടത്തി. ഞാന്‍ സ്കൂള്‍ വിടുന്നു ; ഈ വിഷയത്തില്‍ തന്നെ ഞാന്‍ ഒരു നോവല്‍ എഴുതും ..അത് ഹിറ്റാവും അതിന്റെ റോയല്‍റ്റി വിറ്റു ഞാന്‍ പണക്കാരനാവുമെന്നും . അന്ന് എല്ലാരും ഞെട്ടി .. അധ്യാപകര്‍ സഹതപിച്ചു .... വാട്ടായി ... ചെക്കന്മാര്‍ വഴി പിഴച്ചു പോയാല്‍ എന്താ ചെയ്യുക ... ഞാനാലോചിക്കുവായിരുന്നു ഞാനും വല്ല എസ്സെയും എഴുതി സ്കൂള്‍ ഉപേക്ഷിച്ചു വല്ല ബ്ലോഗ്ഗര്‍ പണിയും ചെയ്‌താല്‍ മതിയായിരുന്നു . എന്തായാലും പതിനേഴാം വയസ്സില്‍ "ട്രിപ്പിള്‍ ഗേറ്റ് " നോവല്‍ ഇറക്കി ; ചൈനയുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ നേര്‍ രേഖയിലൂടെ കീറി മുറിക്കുന്ന നോവല്‍ ഒരു വിദ്യാര്‍ഥിയുടെ കാഴ്ചപാടിലൂടെയാണ് മുന്നേറുന്നത് . ചില സ്ഥലത്ത് അധ്യാപകരെ വേശ്യകളോട് പോലും ഉപമിക്കുന്നുണ്ട് ;
അതിങ്ങനെയാണ്; അധ്യാപകര്‍ വേശ്യകളേക്കാള്‍ കാര്യപ്രാപ്തി ഉള്ളവരാണ്. വേശ്യകള്‍ പണമുണ്ടാക്കുന്നത് ആനന്ദം നല്‍കിക്കൊണ്ടാണ്. യാതന മാത്രം വിളമ്പിക്കൊണ്ടാണ് അധ്യാപകര്‍ പണമുണ്ടാക്കുന്നത്. എന്തായാലും 20 ലക്ഷം കോപ്പികള്‍ വിറ്റു, ചൈനയുടെ ചരിത്രത്തില്‍ കഴിഞ്ഞ ഏതാനും ദശകങ്ങളിലെ ഏറ്റവും വലിയ ബെസ്റ്റ് സെല്ലര് ആയി നോവല്‍ മാറി .
ഇവിടം കൊണ്ടെങ്ങും കാര്യങ്ങള്‍ തീരുന്നില്ല ; ഹാന്‍ ഹാന്‍ ഒരു പ്രസ്ഥാനമാവാന്‍ പോകുന്നതെയുണ്ടായിരുന്നുള്ളൂ. ഹാന്‍ ഹാന്‍ സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങി പിന്നീടു എന്താ നടന്നത് ; ന്യൂയോര്‍ക്ക് ടൈംസിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ 'വൈല്‍ഡ്‌ലി പോപ്പുലര്‍ ബ്ലോഗ്.' നര്‍മത്തിലും പരിഹാസത്തിലും മുക്കിയ, വ്യവസ്ഥിതിക്കെതിരായ ഒളിയമ്പുകള്‍ തന്നെയാണ് ആ പോപുലാരിറ്റിയുടെ രഹസ്യവും. പുതു തലമുറയ്ക്ക് അവര്‍ക്ക് മനസ്സിലാകുന്ന 'കൂള്‍' ഭാഷയില്‍ കാര്യം പറയുന്ന ജനപ്രീതി തന്നെയാണ് ഹാനിന്റെ സുരക്ഷയും. ഹാനിന്റെ ബ്ലോഗ് വിലക്കിയാല്‍ ചൈനയുടെ സൈബര്‍സ്‌പേസില്‍ വലിയ പ്രതിഷേധം ഉണ്ടാകുമെന്ന് അധികൃതര്‍ ഭയക്കുന്നുണ്ട്. അത് തന്നെയാണ് ചൈനയില്‍ ഹാന്‍ പിടിച്ചു നിക്കുന്നതും . പത്ര സ്വാതന്ത്ര്യം പോലും അടിച്ചമര്ത്തപെട്ട നാട്ടില്‍ ഹാന്‍ വല്യ വിലക്കുകളില്ലാതെ നിക്കുന്നതിന്റെ രഹസ്യം വേറൊന്നാണ് . ഹാന്‍ വിലക്കുകള്‍ ഉള്ള വിഷയത്തിലോന്നും കൈ വെയ്ക്കുന്നില്ല ; അത് അധികൃതര്‍ക്ക് വല്യ ആശ്വാസം ആണ് നല്‍കുന്നത് .ടിബറ്റ്, ജനാധിപത്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍, ഉയാഘുര്‍ വംശീയ കലാപങ്ങള്‍ ഇതൊന്നും ഹാനിന്റെ ബ്ലോഗില്‍ വിഷയങ്ങളല്ല . ഹാന്‍ ഒരു രാഷ്ട്രിയ പാര്‍ട്ടിയുടെയും വക്താവല്ല . ആര്‍ക്കു വേണ്ടിയും എഴുതുന്നില്ല . ഹാനിന്റെ തലമുറയുടെ ശബ്ദം പ്രതികരണങ്ങള്‍ , അമര്‍ഷ പ്രകടനങ്ങള്‍ എല്ലാം തന്നെ നമ്മുടെ നാട്ടില്‍ പറയുന്ന അരാഷ്ട്രീയ ബുദ്ധിജീവിയുടെ പ്രതികരണങ്ങളാണ്; പറയാനുള്ളത് യുവത്വത്തിന്റെ അഭിപ്രായവും . അത് തന്നെയാണ് ഹാനിനെ ചൈനീസ് യുവ തലമുറ തങ്ങളുടെ ശബ്ദമായി അങ്ങികരിച്ചതും . ചിലപ്പോഴൊക്കെ അതിര് വിടുന്നു എന്ന് തോന്നുന്നുമ്പോള്‍ ചില പോസ്റ്റിങ്ങുകള്‍ ഗവണ്മന്റ് മായ്ച്ചുകളയാറുണ്ട്. പക്ഷേ അതിനും മുമ്പ് തന്നെ ആരാധകര്‍ ഇത് ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം പേസ്റ്റ് ചെയ്യുന്നതിനാല്‍ ഒന്നും തന്നെ നഷ്ട്ടമാവുന്നുല്ല.
ഇപ്പോള്‍ ഹാനിന്റെ ആശയത്തിന് ഒരു മാധ്യമവും കൂടി ; മാഗസിന്‍ ; "പാര്‍ട്ടി " ; ചൈനയില്‍ “Chorus of Solos” . അത് ഓണ്‍ലൈനില്‍ പബ്ലിഷ് ചെയ്തു പത്തു മണിക്കൂര്‍ തികയുന്നതിനു മുമ്പേ അമസോണില്‍ നമ്പര്‍ ഒന്നായി അത് മാറി . മാഗസിന്റെ ജീവന്‍ ഹാന്‍ ഹാന്‍ തന്നെയാണ് .
ഇത് കൊണ്ടും ഹാന്‍ ഹാന്‍ തീരുന്നില്ല ; ഹാന്‍ ഹാന്‍ ഒരു ആല്‍ബം നിര്‍മിച്ചു കളഞ്ഞു ; R18 + . അതും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടി . ഹോളിവുഡ് സിനിമയില്‍ അവസരം തേടി വന്നെങ്ങിലും ഹാന്‍ ഹാന്‍ അത് വേണ്ടാന്നു വെയ്ച്ചു . അതിനു ഹാന്‍ ഹാനിനു ന്യായങ്ങള്‍ ഉണ്ടായിരുന്നു . അഞ്ചു നോവലുകള്‍ കൂടി ഹാനിന്റെ പേരിലുണ്ട് . ചൈനീസ് മാധ്യമങ്ങള്‍ തന്നെ വിവരമുള്ള വിപ്ലവകാരി എന്നൊക്കെ പേര് ചാര്‍ത്തി കൊടുത്തിണ്ട് ഹാനിനു .
അതിനിടയിലാണ് ഡ്രൈവിങ്ങ് ഭ്രമം ഹാനിനെ കാര്‍ റാലിയില്‍ കൊണ്ടെത്തിച്ചത്. 2003 ല്‍ തുടങ്ങിയ യാത്ര 2006 ല്‍ മൂന്നാം സ്ഥാനവും 2007 ചൈനീസ് സര്‍കീറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഹാനിനെ ജേതാവുമാക്കി മാറ്റി , റേസിങ്ങ് ട്രാക്കിലും ഹാനിന്ന് യുവാക്കളുടെ ഹരമാണ്. റേസിങ്ങില്‍ ഹാനെ സ്‌പോണ്‍സര്‍ ചെയ്യാന്‍ വമ്പന്‍ കമ്പനികള്‍ തന്നെ തയ്യാറായി. ഇതേ കാലത്തിനിടയില്‍ ഹാന്‍ രചിച്ച് ആലപിച്ച ഗാനങ്ങളും ബോക്‌സോഫീസ് പട്ടികകളില്‍ സ്ഥാനം പിടിച്ചുതുടങ്ങിയിരുന്നു. ഇതിനിടയില്‍ ഹാന്‍ ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറും തുടങ്ങി ; ഹാനിന്റെ സ്വന്തം ഓട്ടോഗ്രഫോടെ ഉള്ള ബുക്സ് മാത്രം ലഭ്യമാണ് .
പുതു തലമുറ ഇനിയും ഹാന്‍ ഹാന്‍ മാര്‍ക്ക് വേണ്ടി ദാഹിക്കുകയാണ് ... അഭിപ്രായ ആവിഷ്കാര സ്വാതന്ത്ര്യമുള്ള ഒരു ചൈന ... പത്രസ്വാതത്ര്യത്തിനു കൂച്ച് വിലങ്ങുകളില്ലാത്ത ഒരു ചൈന ... ചൈനയുടെ പുതുതലമുറ അത് ചിലപ്പോള്‍ യാഥാര്ത്യമാക്കിയേക്കും.... ഹാന്‍ ഹാന്‍ മാരുണ്ടെങ്കില്‍ ....
ഹാന്‍ ഹാനിന്റെ ചില ബ്ലോഗുകള്‍ :
ലോകത്തിലെ ഏറ്റവും വലിയ പുകയില കമ്പനിയായ ചൈന നാഷണല്‍ ടുബാക്കോ കോര്‍പറേഷന്റെ ഡയരക്റ്ററും ഗ്വാങ്ക്‌സി പ്രവിശ്യയിലെ വലിയ കമ്യൂണിസ്റ്റ് നേതാവുമായ ഹാന്‍ ഫെങ്ങ് കുടുങ്ങിയത് അദ്ദേഹം ഓണ്‍ലൈന്‍ ആയി എഴുതി സൂക്ഷിച്ചിരുന്ന ഡയറി ലീക്ക് ചെയ്ത് ചൈനയിലെ സൈബര്‍സ്‌പേസില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ്. സ്വന്തം അഴിമതികളും അസാന്മാര്‍ഗിക പരാക്രമങ്ങളുടെയും വര്‍ണശബളമായ വിവരണങ്ങള്‍ നിറഞ്ഞ ആ ഡയറി കുറിപ്പുകള്‍ നെറ്റില്‍ ഇന്‍സ്റ്റന്റ് ഹിറ്റായി മാറി. തുടര്‍ന്നുണ്ടായ കോലഹാലങ്ങളില്‍ ഫെങ്ങിന് ജോലിയും നഷ്ടപ്പെട്ടു, ആള്‍ അറസ്റ്റിലുമായി.
ഇതിനിടയിലാണ് 'ഫെങ്ങ് നല്ല നേതാവാണ്' എന്ന് അയാളെ ന്യായീകരിക്കുന്ന പോസ്റ്റ് ഒരു ചൈനീസ് ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടത്. ഫെങ്ങിനെ കുറ്റവിമുക്തനാക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള കത്തിലെ വാദങ്ങള്‍ ഇങ്ങനെ പോകുന്നു:
1. ഫെങ്ങ് ഒരു വര്‍ഷം കൊണ്ട് വാങ്ങിയ ആകെ കൈക്കൂലി 60,000 റിംനിമ്പി (ഏതാണ്ട് നാല് ലക്ഷം രൂപ) മാത്രമാണ്. ചൈനയില്‍ ഇത്ര കുറച്ച് കൈക്കൂലി വാങ്ങിയ മറ്റൊരു നേതാവുണ്ടാവില്ല.
2. സ്വയം കൈക്കൂലി വാങ്ങുകയല്ലാതെ ഒരു നേതാവിനും ആപ്പീസര്‍ക്കും ഇയാള്‍ പത്ത് റിംനിമ്പി കൈക്കൂലി കൊടുക്കുകയോ അവിഹിത സ്വാധീനം ചെലുത്തുകയോ ചെയ്തിട്ടില്ല. സ്വയം ഒരു ഫോണ്‍ കാര്‍ഡിന്റെ ആവശ്യം വന്നപ്പോള്‍ എല്ലാവരേയും പോലെ ഫെങ്ങും രണ്ട് മണിക്കൂര്‍ ക്യൂ നിന്നു. അയാളുടെ ഭാര്യയുടെ ബന്ധുക്കള്‍ക്കൊന്നും പിന്‍വാതില്‍ നിയമനം വാങ്ങിക്കൊടുത്തിട്ടുമില്ല.
3. ഫെങ്ങ് തന്റെ കാമുകിമാര്‍ക്ക് ഉപഹാരമായി നല്‍കിയത് മൊബൈല്‍ ഫോണും എംപി4 പ്ലേയറുമൊക്കെയാണ്, ബാക്കി നേതാക്കന്മാരൊക്കെ ബെന്‍സ് കാറും ലക്ഷ്വറി അപാര്‍ട്ട്‌മെന്റുകളുമൊക്കെയാണ് വെപ്പാട്ടിമാര്‍ക്ക് നല്‍കുന്നത്. ഇത്രയും മിതവ്യയശീലമുള്ള ഒരു സ്ത്രീലമ്പടനെ എവിടെ കിട്ടും!
4. ഇത്ര സ്ത്രീലമ്പടനായിട്ടുപോലും അയാള്‍ സ്വന്തം ഭാര്യയോടൊപ്പം 25 ദിവസം ചിലവഴിച്ചു, അവര്‍ക്കും ഒരു മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തു. എന്തൊരു നല്ല ഭര്‍ത്താവ്!
5. ഒരു വര്‍ഷം അയാള്‍ 89 സ്വകാര്യവിരുന്നുകളിലാണ് ആകെ പങ്കെടുത്ത് സൗജന്യമായി മദ്യപിച്ചത്, നാട്ടിലെ ലോക്കല്‍ നേതാക്കന്മാര്‍ വരെ വര്‍ഷത്തില്‍ 365 തവണയില്‍ കൂടുതല്‍ ഇത് ചെയ്യുന്നുണ്ട്.
6. ഫെങ്ങിന് സ്വന്തമായി കമ്പ്യൂട്ടറില്‍ സോഫ്റ്റ്-വേര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനറിയാം, ഡിജിറ്റല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനറിയാം, ഫോട്ടോ എടുക്കാനറിയാം, ഫോട്ടോഗ്രഫി ആസ്വദിക്കും... ഇതൊക്കെ നോക്കുമ്പോള്‍ പാര്‍ട്ടി നേതാക്കളുടെ നിലവാരം വെച്ച് ആള്‍ ഐടി വിദഗ്ധനാണ്. ഇത്തരം ഒരു പ്രതിഭാശാലിയെ ഉപദ്രവിക്കുന്നത് ശരിയല്ല.
ഫെങ്ങിനെതിരെ കുറ്റമായി ചൂണ്ടിക്കാട്ടാവുന്ന കാര്യം അയാള്‍ക്ക് പെട്ടന്ന് മദ്യം തലക്ക് പിടിക്കുമെന്നതായിരുന്നു. അതിനാല്‍ പാര്‍ട്ടി പെരുമാറ്റച്ചട്ടങ്ങളനുസരിച്ച് നേതാവാകാനുള്ള യോഗ്യത അയാള്‍ക്കില്ല. മാത്രമല്ല, രാജ്യത്തെല്ലാമുള്ള പാര്‍ട്ടി സഖാക്കളുടെ പ്രതിച്ഛായക്ക് ഇത് കളങ്കമേല്‍പ്പിക്കുകയും ചെയ്യും. എങ്കില്‍പ്പോലും ഫെങ്ങിനെ വെറുതെ വിടണം, കാരണം പകരക്കാരനായി വരുന്ന പിന്‍ഗാമി ഇതിലും ചെറ്റയായിരിക്കും, അയാള്‍ ഓണ്‍ലൈന്‍ ഡയറി എഴുതണമെന്നുമില്ല.
ഹാനിന്റെ ഒരഭിപ്രായം നോക്കുക :
കഴിഞ്ഞ മാസം ചൈന തങ്ങളുടേതെന്നും ജപ്പാന്‍ അവരുടേതെന്നും അവകാശപ്പെടുന്ന സെങ്കാക ദ്വീപിനടുത്ത് വെച്ച് ഒരു ജാപ്പനീസ് നാവികസേന ചൈനീസ് മീന്‍പിടുത്ത ബോട്ട് പിടിച്ചെടുത്ത് ക്യാപ്റ്റനെ അറസ്റ്റ് ചെയ്തപ്പോള്‍ ചൈനയില്‍ പരക്കെ ജപ്പാന്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. 'രാജ്യസ്‌നേഹം എല്ലാ തെമ്മാടിയുടേയും അവസാനത്തെ അത്താണിയാണ്' (അല്ലെങ്കില്‍ സര്‍ക്കാരിന്റെ ദുഷ്‌കര്‍മങ്ങളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുകയാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹം) എന്ന് പറയുന്ന ഹാന്‍ ഹാന്‍ മാത്രം ഇതെപ്പറ്റി ഒന്നും പറഞ്ഞില്ല. എന്താണെന്ന് ചോദിച്ചപ്പോള്‍ ചൈനീസ് സര്‍ക്കാരും ജപ്പാനും തമ്മില്‍ നടക്കുന്ന ഭൂമി തര്‍ക്കത്തില്‍ സ്വന്തമായി ഒരിഞ്ച് ഭൂമിയില്ലാത്ത സാധാരണ ചൈനക്കാരന്‍ എന്തിന് ഇടപെടണം എന്നായിരുന്നു അയാളുടെ മറു ചോദ്യം.
" ഞാനും നിങ്ങളും മാതൃഭൂമിയുടെ പ്രശ്‌നത്തില്‍ ഒരേ പോലെ ദുഃഖിതരാണെന്നുമാത്രം പറയരുത്. നമ്മുടെ നാട്ടില്‍ സാധാരണക്കാരന് സ്വന്തമായി ഒരിഞ്ച് ഭൂമി പോലുമില്ല, എല്ലാ ഭൂമിയും, നിങ്ങള്‍ക്കറിയാവുന്നത് പോലെ, നിങ്ങള്‍ വാടകയ്ക്ക് തന്നതാണ്. നോക്കുമ്പോള്‍ ഈ പ്രശ്‌നം മുഴുവന്‍ കാറ്റില്‍ പറന്നുപോയി തറയില്‍ വീണ ഒരു ഓടിനെ ചൊല്ലി എന്റെ വീട്ടുടമസ്ഥനും അയല്‍വാസിയും തമ്മിലുള്ള കശപിശ പോലെയാണ് എനിക്ക് തോന്നുന്നത്. എന്റെ വീട്ടുടമസ്ഥന്റെ മച്ചില്‍ നിന്നും കാറ്റത്ത് പറന്നുപോയി അയല്‍വാസിയുടെ മുറ്റത്ത് വീണതാണ് ഓട് എന്ന് എനിക്കറിയാം. അയല്‍വാസിയെ വീട്ടുടമയ്ക്ക് പേടിയാണെന്നും എനിക്കറിയാം - ഓട് ചോദിക്കാന്‍ ആ മുറ്റത്തേക്കയാള്‍ കയറില്ല. ഇതില്‍ വാടകക്കാരനായ എനിക്കെന്താണ് കാര്യം? സ്വന്തമായി ഒരിഞ്ച് ഭൂമിയില്ലാത്തവന്‍ വേറെ വല്ലവന്റെയും ഭൂമിക്ക് വേണ്ടി സമരം നടത്തുന്നതെന്തിനാണ്? സ്വന്തമായി ഒരന്തസ്സും ഇല്ലാത്ത കുടിയാന്‍ ജന്മിയുടെ അന്തസ്സിന് വേണ്ടി പൊരുതുന്നതെന്തിനാണ്? അത്തരക്കാര്‍ക്ക് നാട്ടിലെന്താണ്‌വില, റാത്തലിന്? അല്ലെങ്കില്‍, അത്തരക്കാര്‍ എത്ര പേര്‍ വേണം ഒരു റാത്തല്‍ തികയാന്‍? "
ഇങ്ങനെ പോകുന്നു ഹാന്‍ ബ്ലോഗുകളുടെ പരിഹാസ്യം . ആരെന്നു മുഖം നോക്കാതെ കാര്യങ്ങള്‍ നേരെ ചൊവ്വേ പരിഹാസ്യത്തിന്റെ ആമുഖത്തോടെ അവതരിപ്പിക്കുന്നതാണ് ഹാനിനെ ജനകീയനാക്കുന്ന്തു ; ലോക ബ്ലോഗ്ഗെരും .
ഹാന്‍ ഹാനിനെ CNN ചാനല്‍ ഇന്റര്‍വ്യൂ ചെയ്യുന്നതിന്റെ യു ട്യൂബ് വീഡിയോ :
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ